Friday, 27 September 2013

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ -------കവിത -------സതീശന്‍ ഇരിട്ടി

ആരെന്റെ ചോദ്യത്തിനുത്തരം നല്‍കുവാന്‍ 
ആരെന്റെ വാക്കുകള്‍ക്കര്‍ത്ഥം ചമക്കുവാന്‍ 
ആരുണ്ടിവിടെയീ കൂരിരുള്‍ പാതയി ---
ലഗ്നികൊളുത്തി പ്പൊലിപ്പിച്ചു നിര്‍ത്തുവാന്‍ ?

അമ്മയെക്കൊല്‍വതിന്നെന്റെ ധര്‍മ്മം  !
അച്ഛനെ ക്കൊല്‍ വതു മെന്റെ ധര്‍മ്മം !
താലികെട്ടിക്കൊണ്ട് വന്നൊരെന്‍ പത്നിയെ 
ക്കൊല്ലാതെ കൊല്‍ വതു മെന്റെ ധര്‍മ്മം !

ജാതിനോക്കി ത്തിരിച്ചിട്ടു സമൂഹത്തെ 
കാര്‍ക്കിച്ചു തുപ്പതിന്നെന്റെ ധര്‍മ്മം !
വേലികെട്ടി ത്തിരിച്ചിട്ടു മതങ്ങളില്‍ 
വീര്യം ചൊരിവതുമെന്റെ ധര്‍മ്മം !

മോടികൂട്ടിക്കൂട്ടി മാനത്തുയര്‍ത്തുന്ന 
മായിക സൌധ പ്പുരയിടത്തില്‍ 
ശീതീകരിച്ചുറങ്ങാന്‍ എന്റെ മക്കളെ 
ഇന്ഗ്ലീഷ് പഠിപ്പിപ്പ തെന്റെ ധര്‍മ്മം !

മണ്ണും കലപ്പയും എന്നായുധമെന്നു 
ചൊല്ലിയ നാളുകള്‍ പോയ്മറഞ്ഞു 
ചേറില്‍ വിളയുന്നോ രന്നത്തിനായ് 
വിയര്‍പ്പാറ്റിയ നാള്നാം വിസ്മരിച്ചു .

പാലും പഴവുമല്ലിന്നെന്റെ ഭക്ഷണം 
വേവിച്ചുരുട്ടിയ മാംസമത്രേ !
അന്നം കഴിക്കാതെ ചീര്‍ത്ത ദേഹങ്ങളോ 
ചിത്തരോഗത്തിന്റെ ബാക്കിപത്രം !

അന്യന്റെ വേദന നോക്കി ച്ചിരിക്കുവാന്‍ 
നിര്‍വികാരത്വം വരിച്ചു നമ്മള്‍ !
എന്നയല്‍ക്കാരന്റെ നെഞ്ചിലെ ചോരയില്‍ 
നീന്തി ക്കളിക്കാന്‍ പഠിച്ചു നമ്മള്‍ !
വേറിട്ട ചിന്തയാല്‍ വേറിട്ട കാഴ്ചയാല്‍ 
വേരറ്റു മാനവ തത്വശാസ്ത്രം 
സൌന്ദര്യ മറ്റോരു മാനവ മാനസം 
കാഠി ന്യ മേറിയ കാരിരുബായ് !

ൈശഥില്യ മേറ്റൊരുമാനവ പ്രജ്ഞയില്‍  
ചോരക്കിനാക്കള്‍ നിറപ്പതാര് ?
അമ്മ പെങ്ങന്മാരെ വേറിട്ടറിയാത്ത 
മത്തവികാരം ചൊരിവതാര് ?

എന്റേതാ ണെന്റേതാണെന്റേതാ ണീ മണ്ണ് 
എന്റേതാ ണെന്റെതീ സ്വര്‍ഗ്ഗ രാജ്യം 
ഓരോ മനസ്സുമി തേറ്റു പാടിപ്പാടി 
ആന്ഗ്ലേയ ക്കൊയ്മതന്നെ ല്ലോടിച്ചു 
ജാതി മതങ്ങള്‍ ക്കതീതമായെന്‍ രാജ്യ --
മൊന്നെന്നുനമ്മല്‍  വരച്ചു കാട്ടി .

താഴിട്ടു പൂട്ടിയെന്‍ രാമരാജ്യ സ്വപ്ന --
മെന്റെ തലയണക്കുള്ളില്‍വെച്ചു 
നിദ്ര നടിച്ചു മയങ്ങാന്‍ പഠിച്ചു ഞാന്‍ 
രാവണന്മാര്‍ വാഴു മീയിരുട്ടില്‍ !

ആരെന്റെ ഉള്ളില്‍ വിതക്കുന്നു വിത്തുകള്‍ ?
കാപട്യവും കലിക്കോലങ്ങളും നിണ --
ച്ചാലുകളും തീര്‍ത്ത നോവിന്റെ വിത്തുകള്‍ ?
കാലങ്ങളായ് നമ്മള്‍ പോറ്റിവളര്‍ത്തിയോ --
രേകത്വമെന്ന മഹാതത്വ മന്ത്രത്തെ 
ലോകമൊന്നാനെന്നു നമ്മെ പഠിപ്പിച്ച 
തത്വശാസ്ത്രത്തിന്‍ വിശാലമാനസ്സിനെ 
       കൊല്ലുന്നതാരിന്ന് ???
പല്ലും നഖങ്ങളും നീട്ടി പ്പിശാചിന്റെ 
കൊലങ്ങളായ്  അഴിഞ്ഞാടുന്നതാരിന്ന്‍  ?
ആരെന്‍ മനസ്സിന്റെ ശാന്തി മന്ത്രങ്ങളില്‍ 
നീറ്റും വെടിയുപ്പ് ഗന്ധം നിറക്കുന്നു ??
    തോരാത്ത കണ്ണീര്‍ പ്പുഴനീന്തിയക്കരെ 
    യെത്തുവാന്‍ കാലുകള്‍ക്കാവില്ല നിശ്ചയം 
    കൈകളോ കണ്ണോട്ടു പൊത്തി പ്പിടിച്ചു 
    നില്‍ക്കട്ടെ ,ഈകാഴ്ച്ചകള്‍ കാണാതിരിക്കുവാന്‍ ;

ചോദ്യങ്ങളേയുള്ളൂ എന്നുള്ളില്‍ 
ഇന്നൊരു ചോദ്യത്തിനും ഇല്ല ഉത്തര മെങ്കിലും !!!



No comments:

Post a Comment