Tuesday, 1 October 2013

കവിത --ഹാ !ശാന്തം പാവം ! ----പി.വി.ജി.നായര്‍

(ഇന്ന് ഗാന്ധി ജയന്തി ----1948 ല്‍ ഗാന്ധിജി വെടിയേറ്റ്‌ മരിച്ചു വീണപ്പോള്‍ ഇവിടെ ഒരു കവി ഹൃദയം തേങ്ങി .എത്രയോ കവികള്‍ അന്ന് ആ ദാരുണമായ മൃതിയില്‍ വേദനിച്ചു പാടിയിട്ടുണ്ട് പക്ഷേ ,.അന്നും ഇന്നും ഏറെയൊന്നും അറിയപ്പെട്ടില്ലാതിരുന്ന ഒരു കവിയായിരുന്നു മടന്നൂരിന്റെ പുത്രനായിജനിച്ചു 1973ല്‍ അന്തരിച്ച പി.വി.ജി.നായര്‍ .(എന്റെ അച്ഛന്‍ )അദ്ദേഹം 1948 ല്‍ ഗാന്ധിജിയെപ്പറ്റി എഴുതിയ ഒരു കവിതയാണ് ഇവിടെ ചേര്‍ക്കുന്നത് .----
സതീശന്‍ഇരിട്ടി 
*************
മര്‍ത്ത്യ മണ്ഡലത്തിങ്കല്‍ സത്യത്തിന്‍ വെളിച്ചത്തെ 
നിത്യവും പരത്തിയ പൌരസ്ത്യ മണിദീപം 
ശാന്തിതന്‍ പ്രവാചകന്‍ കഷ്ടം ഹാ !ശാന്തം പാപം !
ഗാന്ധിജി മൃഗീയമാം കൈകളാല്‍ മൃതിപ്പെട്ടു !
പഞ്ചഭൌതികം ദേഹം ഭസ്മമായെന്നാലുമ--
സ്സഞ്ചിക സുകൃതമീ വിശ്വത്തെയുണര്‍ത്തീടും !
*******************
കേവലം വിജ്ഞാനത്തിന്‍ പുഞ്ചിരി പൊഴിച്ചെന്നും 
പാവന പ്രയത്നത്തിന്‍ യജ്ഞവേദിയില്‍ നിന്നും 
ദേവത്വം പുല്‍കി പ്പുല്കി യുയരും മഹാത്മാക്കള്‍ --
ക്കീവിധം ത്യാഗംചേര്‍ക്കും നിശ്ചയമമര്‍ത്ത്യത ;
എങ്കിലും ,മനുഷ്യന്റെ വേദാന്ത വൈദൂഷ്യങ്ങള്‍ 
തങ്കിടും മസ്തിഷ്കവും മരവിപ്പിക്കും മൃതി .
********************
കൂരിരുളിങ്കല്‍ കഷ്ടം !ലോകത്തിന്‍ ഹൃദയമാം 
കോരകം വികാസത്തെ ക്കാത്തു കാത്തിരിക്കുബോള്‍ 
എത്രയോ നൂറ്റാണ്ടുകള്‍ പിന്നിടുന്നേരത്താത്മ 
ൈചതന്യമീമട്ടൊന്നു വിശ്വത്തെ പ്പുല്കാനെത്തും ;
ധാര്‍മ്മികൈശ്വര്യം തിങ്ങുമീദൃശ മാത്മവീര്യം 
ധാത്രിതന്‍ ചരിത്രത്തില്‍ കണ്ടിട്ടില്ലിന്നേവരെ . 

No comments:

Post a Comment