Wednesday, 25 September 2013

വിജയം നിനക്കുതന്നെ ------------കവിത ------------സതീശന്‍ ഇരിട്ടി

ആശതന്‍ ആകാശത്തില്‍ ചിന്തതന്‍ ചിറകിന്മേല്‍ 
മാനസക്കിളീ നീയിനെന്തിനു പറക്കു ന്നൂ 
നാലുനാള്‍ കഴിഞ്ഞീടില്‍ ജീവിതമിപ്പാരിതില്‍
പട്ടടപ്പറമ്പിലെചാരമായ് ത്തീരും നൂനം .

എന്തിന്നു വ്യാമോഹമേ പാറിത്തുടിക്കുന്നുനീ 
നൂലറ്റു വിണ്ണില്‍ ച്ചുറ്റി പ്പാറിടും പട്ടംപോലെ ?
അല്‍പ്പ മാത്രകള്‍ മാത്രം കാറ്റൊന്നു നിലച്ചെന്നാല്‍ 
വീഴുമീ പ്പാരില്‍നീയും ഊര്‍ദ്ധ്വ ശ്വാസത്തിന്‍ വേഗം .
ഓടിയെത്തിടും ചിതല്‍ക്കൂട്ടങ്ങള്‍ നിന്നെപ്പിന്നെ 
തിന്നു തിന്നീ ഭൂവിതില്‍ മണ്ണോട്ലയിപ്പിക്കും .

എന്തിനെന്‍ ഹൃദന്തമേ എന്തിനീ അഹങ്കാരം 
എന്തിനീ ദുരാഗ്രഹ ക്കോട്ടകള്‍ കെട്ടുന്നുനീ ?
മേദുരാഹങ്കാരത്തിന്‍ കോട്ടകള്‍ തകര്‍ത്തിതാ 
എത്തിടും കൈയില്‍ പാശമേന്തിയയോദ്ധാക്കളായ് 
പോര്‍ക്കളങ്ങളിലേറ്റ്‌മുട്ടിടും സുനിശ്ചിതം 
ജീവിതം തോല്‍ക്കും നാളെ മരണം  വിജയിക്കും !!

1 comment: