Thursday, 24 October 2013

അഭിസാരിക -----കവിത ----സതീശന്‍ഇരിട്ടി -----

ഞാന്‍ അഭിസാരിക ,
നിന്നില്‍ക്കൊരുത്തോരീ മാംസദാഹത്തിന്റെ --
ശൌര്യം കെടുപ്പവള്‍ ,
ജീവിതമെന്നൊരീ പാനപാത്രംകൊണ്ട് 
ജീവിതം തള്ളിനീക്കുന്നവള്‍  മര്‍ത്ത്യന്റെ ,
കാമാമോഹങ്ങള്‍തന്നഗ്നി കെടുപ്പവള്‍  .

മാത്തര്‍ മദാലസര്‍  കാമപരവശര്‍
മര്‍ത്ത്യവികാര നഖങ്ങള്‍ നീര്‍ത്തെന്‍ --
നെഞ്ചിലാഴ്ന്നിറങ്ങുബോഴും 
രാവിലിരുളിന്റെമാളങ്ങളില്‍ 
ഉടുമുണ്ടഴിച്ചെല്ലാം സഹിച്ചു കിടപ്പവള്‍ !

ഞാന്‍ അഭിസാരിക ,
ജന്മബോധത്തിന്റെ നേര്‍ത്ത നൂല്‍പ്പാലത്തില്‍ 
ജീവന്റെ വണ്ടി ഉരുട്ടിനീങ്ങുന്നവള്‍ ,
എല്ലാമറിഞ്ഞും അറിയാത്തഭാവത്തില്‍ 
ലോകത്തെ നോക്കി ച്ചിരിച്ചുനില്‍ക്കുന്നവള്‍ .

എന്നും കഴുകന്റെ കണ്ണുമായെത്തുന്ന 
മര്‍ത്ത്യനില്‍ നീറിപ്പുകഞ്ഞുണര്‍ന്നീടുന്ന 
മാംസപ്പശിയുടെ വീര്യം കെടുപ്പവള്‍
കാമക്കനലൂതി ഊതിക്കെടുപ്പവള്‍ .

തീരങ്ങല്‍പോലെ തിരമാലതിങ്ങുന്ന 
തീരങ്ങള്‍ പോലെയാണെന്നുടെജീവിതം .
ശാന്തമാകില്ലില്ലോരുനിമിഷം 
ജന്മപാപം ചുമക്കുന്ന പാപിയാണിന്നു ഞാന്‍ .
മോഹങ്ങളെല്ലാമടച്ചുവെച്ചാത്മാവില്‍ 
ദുഃഖം ചുമക്കുന്ന മോഹിനിയാണ്ഞാന്‍ 
ആര്‍ക്കും തുറന്നുവരാവുന്ന വാതിലിന്‍ 
പിന്നില്‍ ശയിക്കുന്ന സൌഭാഗ്യമുള്ളവള്‍ !

വേദാന്തമോതുന്ന വേദാന്തിയും 
ധനം കുന്നുകൂട്ടീടും ധനാഢ്യനും 
പാമര പണ്ഡിത ഭേദമന്യേ സര്‍വ മര്‍ത്ത്യനും 
ഗാത്രം തുറന്നുവെക്കുന്നവള്‍ ഞാന്‍ --
പാത്രഭേദമന്യേ വീര്യഭക്ഷണം നല്‍കുവോള്‍ !

ഞാന്‍ അഭിസാരിക ,
ജീവിത സായന്തനത്തിലും മാദക --
ഗന്ധം ചുമപ്പവള്‍ പുഷ്പിച്ചു നില്‍പ്പവള്‍ 
വേദനച്ചിന്തുകള്‍ വേനല്‍ക്കൊടുംചൂടായ് 
പെയ്തുപെയ്തെന്നെ തളര്‍ത്തിനിര്‍ത്തുബോഴും
എല്ലാം മരിച്ചു മരവിച്ച മാനസം 
നിര്‍വികാരം നെടു വീര്‍പ്പുതിര്‍ക്കുബോഴും 
വാതില്‍പ്പുറം വന്നു മുട്ടിവിളിക്കു -
മപരിചിതന്റെ നിഴല്‍കാത്ത് നിത്യവും 
കണ്‍പാര്‍ത്തിരിപ്പവള്‍ കാതോര്‍ത്തിരിപ്പവള്‍ 
രാവും പകലും നിറഭേദമറ്റവള്‍ !

ഞാന്‍ ദേവദാസിയല്ലെന്നെ വിളിപ്പതു 
വേശ്യയെന്നല്ലോ സമൂഹം ;
എന്നിലെ സര്‍വതുമൂറ്റിക്കുടിച്ചവര്‍ 
എന്നെയീവേലക്ക് പ്രാപ്തയായ് തീര്‍ത്തവര്‍ 
ചായംപൊതിഞ്ഞ മുഖങ്ങളിലീലോക --
കാപട്യമേന്തും പകല്‍മാന്യരായവര്‍ 
ശ്രുംഗാര ചേഷ്ടകള്‍ക്കപ്പുറം ശയ്യയില്‍ 
ഒപ്പം ശയിച്ചു തുടിച്ചു രസിച്ചവര്‍ 

പ്രായം വിലക്കാത്ത ലോകനീതിക്കുമേല്‍ 
ലോഭമില്ലാത്ത വികാരം ചോരിയുവോര്‍ 
കാലഭേദങ്ങള്‍ക്കതീതമായ് പാരിന്റെ 
നീതിബോധംകാത്തു കാത്തുരക്ഷിപ്പവര്‍  !

നിങ്ങള്‍ക്കറിയാത്ത വേദനതിന്നുന്ന 
മാനസംപേറി നടന്നുതളരുന്നോരെന്നെ 
ശ്ശകാര വിഷമുള്ളുകൊണ്ടാഞ്ഞുകുത്തിനോവിക്കും 
സമൂഹമേ നിങ്ങളില്‍ ഞാനൊരു സ്ത്രീ ;
ഞാനുമൊരച്ചന്റെ പുത്രി ,
എന്നമ്മക്ക് ഞാനൊരു പൊന്മകള്‍ ,
ഞാന്‍ ഭാര്യ ;
കാലം കളിച്ച കളിയിലുപേക്ഷിച്ചു --
പോയൊരെന്‍ ഭര്‍ത്താവെനിക്ക് സമ്മാനിച്ച 
മക്കള്‍ക്കൊരമ്മ ,
എന്‍ ജന്മദോഷംതീര്‍ത്ത ജാതകപ്പായയില്‍ 
എല്ലാം തകര്‍ന്നു തളര്‍ന്നങ്ങിരിക്കവേ 
ജീവിതഭാരം കടംകൊണ്ട് ശുഷ്ക്കിച്ച 
ഗാത്രം വിലക്കെടുത്തോര്‍ നിങ്ങള്‍ 
എന്നിലെ സര്‍വതും 
നാവിട്ട് നക്കി ക്കുടിച്ചവര്‍ !

-ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധി -
ക്കുയിര്‍ തേടിനടക്കും മനുഷ്യരേ ;
നിങ്ങള്‍തന്‍ നീതിബോധങ്ങളില്‍ 
കണ്ണീരൊഴുക്കാതെ ,
എന്നും സദാചാരബോധം കുരുക്കിട്ട 
സംസ്കാരധാരതന്‍ പാഠം പഠിക്കുവാന്‍ 
നിങ്ങളില്‍ത്തന്നെ തിരയുക 
നിങ്ങള്‍തന്നാത്മാവിന്നുള്ളിലായ് 
ചിക്കിത്തിരയുക !





1 comment:

  1. സതീശാ, ഇതു ഗംഭീരമായിരിക്കുന്നു. അനുമോദനഗൾ. “വേഡ് വെരിഫിക്കേഷൻ” എടുത്തുകളയുക.

    ReplyDelete