Friday, 18 October 2013

കവിത -----ആരിനി വരാനുണ്ട് ?------സതീശന്‍ഇരിട്ടി

ചോദ്യങ്ങളെല്ലാം തീര്‍ന്നു ;ഉത്തരം മാത്രംബാക്കി 
വേദനചിരിക്കുന്ന മാനസംമാത്രം ബാക്കി !
കണ്ണുനീരൊഴിയാത്ത കണ്ണുകള്‍ മാത്രംബാക്കി 
പുഞ്ചിരിയുണങ്ങിയ ചുണ്ടുകള്‍മാത്രംബാക്കി !
ദേഹിവിട്ടൊഴിയാത്തോ രാത്മാവുമാത്രം ബാക്കി 
ശ്വാസം നേര്‍ത്തില്ലാതാവും ഹൃദസ്പന്ദനം മാത്രം ബാക്കി !
വേച്ചുവേച്ചില്ലാതാവും പാദങ്ങള്‍ മാത്രം ബാക്കി 
വിലാപം തഴമ്പിച്ച കര്‍ണങ്ങള്‍ മാത്രം ബാക്കി !സ്വപ്നങ്ങളഴുകിത്തീരും ദുര്‍ഗന്ധം മാത്രം ബാക്കി തടവറക്കുള്ളില്‍ തേങ്ങും സ്വാതന്ത്ര്യം മാത്രം ബാക്കി!

ഇതെന്ത് കലികാലം ?കാശിന്നുവേണ്ടി ക്കാല ---
ക്കലിയിലൊടുങ്ങുന്ന ലോകത്തെക്കാണ്‍മൂ നമ്മള്‍  !
കൊല്ലുന്നൂ നമ്മല്‍നിത്യം മനുഷ്യത്വത്തിന്‍ മഹാ --
തത്വങ്ങള്‍ വിവേകത്തിന്നര്‍ത്ഥമില്ലിനി ബാക്കി !

ആരിനിവരാന്‍ നമ്മേ പഠിപ്പിക്കുവാന്‍ ? പാഠം --
പഠിച്ചാല്‍ മാത്രംപോരാ ജയിക്കണം പരീക്ഷകള്‍ !
പരിരക്ഷണത്തി ന്നര്‍ത്ഥം ഗ്രഹിക്കാനായ് മാത്രം
ഇല്ലില്ല മസ്തിഷ്കത്തിന്നര്‍ത്ഥവും  വ്യാപ്തിയും .

തച്ചുടക്കുകനമ്മള്‍കോപാന്ധരായിട്ടല്ല 
വിവേകംനശിക്കാത്ത ബുദ്ധി വൈഭവത്താലെ ;
അധികാരത്തിന്‍ ചീര്‍ത്ത ചങ്ങലപ്പൂട്ടിന്നാലെ 
അടിമത്തത്തിന്‍ ദുഷ്ട ദുര്‍മ്മദമൊഴുക്കീടും  
ഭരണകൂടങ്ങള്‍തന്‍ പ്രാകൃത ദുഷ്ചെയ്തിയാല്‍ 
വൈകൃതഭാവം പൂണ്ട ദുഷ്ടമാനസങ്ങളെ ;
ശിരസ്സിന്നുള്ളില്‍ കൂര്‍മ്മ കൌശലമൊളിപ്പിച്ചു 
സമൂഹശരീരത്തില്‍ വിഷബീജം തളിപ്പോരെ .

ചോദ്യങ്ങള്‍ നൂറായിരം ,ഉത്തരമൊന്നേയുള്ളൂ
ഉത്തരം നല്‍കാനായിട്ടാരുണ്ട് വിവേകികള്‍ ?
കുടിവെള്ളത്തില്‍ പ്രാണവായുവില്‍ ഗര്‍ഭസ്ഥ-
ശിശുവില്‍പ്പോലും മാരകവിഷംചേര്‍ത്തു  മദിക്കുന്ന 
വിത്തമോഹത്തിന്റെ കരാള ഹസ്തങ്ങളെ 
വിലക്കുവാന്‍ ധര്‍മ്മത്തിന്റെ കൈവിലങ്ങണിയിക്കാന്‍ 
ആരിനിവരാനുണ്ട് ?ആരുടെ മേധാശക്തി -
ക്കീയധര്‍മ്മത്തെ ക്കൊന്ന് കുഴിച്ചുമൂടാനാവും?

തളിക്കുകനമ്മള്‍ കീടനാശിനി പുഴുക്കുത്താല്‍ 
മസ്തിഷ്ക്കം ദ്രവിച്ചോരു വിത്തമോഹികള്‍ക്കുമേല്‍ ;
പണവും പണത്തിന്റെ ഹുങ്കുംചേര്‍ത്തൊരുക്കുന്ന 
ചൂതാട്ടക്കളങ്ങളില്‍ മര്‍ത്ത്യരെ പ്പണയംവെച്ച് 
അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചേനില്‍ക്കും 
ധനമോഹികള്‍ക്കുമേല്‍ തളിക്കുക തളിക്കുക 
തളിക്കുകനമ്മള്‍ കീടനാശിനി എന്‍ഡോസള്‍ഫാന്‍ !!! 

No comments:

Post a Comment