Thursday, 24 October 2013

manapakshi: അഭിസാരിക -----കവിത ----സതീശന്‍ഇരിട്ടി -----

manapakshi: അഭിസാരിക -----കവിത ----സതീശന്‍ഇരിട്ടി -----: ഞാന്‍ അഭിസാരിക , നിന്നില്‍ക്കൊരുത്തോരീ മാംസദാഹത്തിന്റെ -- ശൌര്യം കെടുപ്പവള്‍ , ജീവിതമെന്നൊരീ പാനപാത്രംകൊണ്ട്  ജീവിതം തള്ളിനീക്കുന്നവള്‍...

അഭിസാരിക -----കവിത ----സതീശന്‍ഇരിട്ടി -----

ഞാന്‍ അഭിസാരിക ,
നിന്നില്‍ക്കൊരുത്തോരീ മാംസദാഹത്തിന്റെ --
ശൌര്യം കെടുപ്പവള്‍ ,
ജീവിതമെന്നൊരീ പാനപാത്രംകൊണ്ട് 
ജീവിതം തള്ളിനീക്കുന്നവള്‍  മര്‍ത്ത്യന്റെ ,
കാമാമോഹങ്ങള്‍തന്നഗ്നി കെടുപ്പവള്‍  .

മാത്തര്‍ മദാലസര്‍  കാമപരവശര്‍
മര്‍ത്ത്യവികാര നഖങ്ങള്‍ നീര്‍ത്തെന്‍ --
നെഞ്ചിലാഴ്ന്നിറങ്ങുബോഴും 
രാവിലിരുളിന്റെമാളങ്ങളില്‍ 
ഉടുമുണ്ടഴിച്ചെല്ലാം സഹിച്ചു കിടപ്പവള്‍ !

ഞാന്‍ അഭിസാരിക ,
ജന്മബോധത്തിന്റെ നേര്‍ത്ത നൂല്‍പ്പാലത്തില്‍ 
ജീവന്റെ വണ്ടി ഉരുട്ടിനീങ്ങുന്നവള്‍ ,
എല്ലാമറിഞ്ഞും അറിയാത്തഭാവത്തില്‍ 
ലോകത്തെ നോക്കി ച്ചിരിച്ചുനില്‍ക്കുന്നവള്‍ .

എന്നും കഴുകന്റെ കണ്ണുമായെത്തുന്ന 
മര്‍ത്ത്യനില്‍ നീറിപ്പുകഞ്ഞുണര്‍ന്നീടുന്ന 
മാംസപ്പശിയുടെ വീര്യം കെടുപ്പവള്‍
കാമക്കനലൂതി ഊതിക്കെടുപ്പവള്‍ .

തീരങ്ങല്‍പോലെ തിരമാലതിങ്ങുന്ന 
തീരങ്ങള്‍ പോലെയാണെന്നുടെജീവിതം .
ശാന്തമാകില്ലില്ലോരുനിമിഷം 
ജന്മപാപം ചുമക്കുന്ന പാപിയാണിന്നു ഞാന്‍ .
മോഹങ്ങളെല്ലാമടച്ചുവെച്ചാത്മാവില്‍ 
ദുഃഖം ചുമക്കുന്ന മോഹിനിയാണ്ഞാന്‍ 
ആര്‍ക്കും തുറന്നുവരാവുന്ന വാതിലിന്‍ 
പിന്നില്‍ ശയിക്കുന്ന സൌഭാഗ്യമുള്ളവള്‍ !

വേദാന്തമോതുന്ന വേദാന്തിയും 
ധനം കുന്നുകൂട്ടീടും ധനാഢ്യനും 
പാമര പണ്ഡിത ഭേദമന്യേ സര്‍വ മര്‍ത്ത്യനും 
ഗാത്രം തുറന്നുവെക്കുന്നവള്‍ ഞാന്‍ --
പാത്രഭേദമന്യേ വീര്യഭക്ഷണം നല്‍കുവോള്‍ !

ഞാന്‍ അഭിസാരിക ,
ജീവിത സായന്തനത്തിലും മാദക --
ഗന്ധം ചുമപ്പവള്‍ പുഷ്പിച്ചു നില്‍പ്പവള്‍ 
വേദനച്ചിന്തുകള്‍ വേനല്‍ക്കൊടുംചൂടായ് 
പെയ്തുപെയ്തെന്നെ തളര്‍ത്തിനിര്‍ത്തുബോഴും
എല്ലാം മരിച്ചു മരവിച്ച മാനസം 
നിര്‍വികാരം നെടു വീര്‍പ്പുതിര്‍ക്കുബോഴും 
വാതില്‍പ്പുറം വന്നു മുട്ടിവിളിക്കു -
മപരിചിതന്റെ നിഴല്‍കാത്ത് നിത്യവും 
കണ്‍പാര്‍ത്തിരിപ്പവള്‍ കാതോര്‍ത്തിരിപ്പവള്‍ 
രാവും പകലും നിറഭേദമറ്റവള്‍ !

ഞാന്‍ ദേവദാസിയല്ലെന്നെ വിളിപ്പതു 
വേശ്യയെന്നല്ലോ സമൂഹം ;
എന്നിലെ സര്‍വതുമൂറ്റിക്കുടിച്ചവര്‍ 
എന്നെയീവേലക്ക് പ്രാപ്തയായ് തീര്‍ത്തവര്‍ 
ചായംപൊതിഞ്ഞ മുഖങ്ങളിലീലോക --
കാപട്യമേന്തും പകല്‍മാന്യരായവര്‍ 
ശ്രുംഗാര ചേഷ്ടകള്‍ക്കപ്പുറം ശയ്യയില്‍ 
ഒപ്പം ശയിച്ചു തുടിച്ചു രസിച്ചവര്‍ 

പ്രായം വിലക്കാത്ത ലോകനീതിക്കുമേല്‍ 
ലോഭമില്ലാത്ത വികാരം ചോരിയുവോര്‍ 
കാലഭേദങ്ങള്‍ക്കതീതമായ് പാരിന്റെ 
നീതിബോധംകാത്തു കാത്തുരക്ഷിപ്പവര്‍  !

നിങ്ങള്‍ക്കറിയാത്ത വേദനതിന്നുന്ന 
മാനസംപേറി നടന്നുതളരുന്നോരെന്നെ 
ശ്ശകാര വിഷമുള്ളുകൊണ്ടാഞ്ഞുകുത്തിനോവിക്കും 
സമൂഹമേ നിങ്ങളില്‍ ഞാനൊരു സ്ത്രീ ;
ഞാനുമൊരച്ചന്റെ പുത്രി ,
എന്നമ്മക്ക് ഞാനൊരു പൊന്മകള്‍ ,
ഞാന്‍ ഭാര്യ ;
കാലം കളിച്ച കളിയിലുപേക്ഷിച്ചു --
പോയൊരെന്‍ ഭര്‍ത്താവെനിക്ക് സമ്മാനിച്ച 
മക്കള്‍ക്കൊരമ്മ ,
എന്‍ ജന്മദോഷംതീര്‍ത്ത ജാതകപ്പായയില്‍ 
എല്ലാം തകര്‍ന്നു തളര്‍ന്നങ്ങിരിക്കവേ 
ജീവിതഭാരം കടംകൊണ്ട് ശുഷ്ക്കിച്ച 
ഗാത്രം വിലക്കെടുത്തോര്‍ നിങ്ങള്‍ 
എന്നിലെ സര്‍വതും 
നാവിട്ട് നക്കി ക്കുടിച്ചവര്‍ !

-ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധി -
ക്കുയിര്‍ തേടിനടക്കും മനുഷ്യരേ ;
നിങ്ങള്‍തന്‍ നീതിബോധങ്ങളില്‍ 
കണ്ണീരൊഴുക്കാതെ ,
എന്നും സദാചാരബോധം കുരുക്കിട്ട 
സംസ്കാരധാരതന്‍ പാഠം പഠിക്കുവാന്‍ 
നിങ്ങളില്‍ത്തന്നെ തിരയുക 
നിങ്ങള്‍തന്നാത്മാവിന്നുള്ളിലായ് 
ചിക്കിത്തിരയുക !





Friday, 18 October 2013

കവിത -----ആരിനി വരാനുണ്ട് ?------സതീശന്‍ഇരിട്ടി

ചോദ്യങ്ങളെല്ലാം തീര്‍ന്നു ;ഉത്തരം മാത്രംബാക്കി 
വേദനചിരിക്കുന്ന മാനസംമാത്രം ബാക്കി !
കണ്ണുനീരൊഴിയാത്ത കണ്ണുകള്‍ മാത്രംബാക്കി 
പുഞ്ചിരിയുണങ്ങിയ ചുണ്ടുകള്‍മാത്രംബാക്കി !
ദേഹിവിട്ടൊഴിയാത്തോ രാത്മാവുമാത്രം ബാക്കി 
ശ്വാസം നേര്‍ത്തില്ലാതാവും ഹൃദസ്പന്ദനം മാത്രം ബാക്കി !
വേച്ചുവേച്ചില്ലാതാവും പാദങ്ങള്‍ മാത്രം ബാക്കി 
വിലാപം തഴമ്പിച്ച കര്‍ണങ്ങള്‍ മാത്രം ബാക്കി !സ്വപ്നങ്ങളഴുകിത്തീരും ദുര്‍ഗന്ധം മാത്രം ബാക്കി തടവറക്കുള്ളില്‍ തേങ്ങും സ്വാതന്ത്ര്യം മാത്രം ബാക്കി!

ഇതെന്ത് കലികാലം ?കാശിന്നുവേണ്ടി ക്കാല ---
ക്കലിയിലൊടുങ്ങുന്ന ലോകത്തെക്കാണ്‍മൂ നമ്മള്‍  !
കൊല്ലുന്നൂ നമ്മല്‍നിത്യം മനുഷ്യത്വത്തിന്‍ മഹാ --
തത്വങ്ങള്‍ വിവേകത്തിന്നര്‍ത്ഥമില്ലിനി ബാക്കി !

ആരിനിവരാന്‍ നമ്മേ പഠിപ്പിക്കുവാന്‍ ? പാഠം --
പഠിച്ചാല്‍ മാത്രംപോരാ ജയിക്കണം പരീക്ഷകള്‍ !
പരിരക്ഷണത്തി ന്നര്‍ത്ഥം ഗ്രഹിക്കാനായ് മാത്രം
ഇല്ലില്ല മസ്തിഷ്കത്തിന്നര്‍ത്ഥവും  വ്യാപ്തിയും .

തച്ചുടക്കുകനമ്മള്‍കോപാന്ധരായിട്ടല്ല 
വിവേകംനശിക്കാത്ത ബുദ്ധി വൈഭവത്താലെ ;
അധികാരത്തിന്‍ ചീര്‍ത്ത ചങ്ങലപ്പൂട്ടിന്നാലെ 
അടിമത്തത്തിന്‍ ദുഷ്ട ദുര്‍മ്മദമൊഴുക്കീടും  
ഭരണകൂടങ്ങള്‍തന്‍ പ്രാകൃത ദുഷ്ചെയ്തിയാല്‍ 
വൈകൃതഭാവം പൂണ്ട ദുഷ്ടമാനസങ്ങളെ ;
ശിരസ്സിന്നുള്ളില്‍ കൂര്‍മ്മ കൌശലമൊളിപ്പിച്ചു 
സമൂഹശരീരത്തില്‍ വിഷബീജം തളിപ്പോരെ .

ചോദ്യങ്ങള്‍ നൂറായിരം ,ഉത്തരമൊന്നേയുള്ളൂ
ഉത്തരം നല്‍കാനായിട്ടാരുണ്ട് വിവേകികള്‍ ?
കുടിവെള്ളത്തില്‍ പ്രാണവായുവില്‍ ഗര്‍ഭസ്ഥ-
ശിശുവില്‍പ്പോലും മാരകവിഷംചേര്‍ത്തു  മദിക്കുന്ന 
വിത്തമോഹത്തിന്റെ കരാള ഹസ്തങ്ങളെ 
വിലക്കുവാന്‍ ധര്‍മ്മത്തിന്റെ കൈവിലങ്ങണിയിക്കാന്‍ 
ആരിനിവരാനുണ്ട് ?ആരുടെ മേധാശക്തി -
ക്കീയധര്‍മ്മത്തെ ക്കൊന്ന് കുഴിച്ചുമൂടാനാവും?

തളിക്കുകനമ്മള്‍ കീടനാശിനി പുഴുക്കുത്താല്‍ 
മസ്തിഷ്ക്കം ദ്രവിച്ചോരു വിത്തമോഹികള്‍ക്കുമേല്‍ ;
പണവും പണത്തിന്റെ ഹുങ്കുംചേര്‍ത്തൊരുക്കുന്ന 
ചൂതാട്ടക്കളങ്ങളില്‍ മര്‍ത്ത്യരെ പ്പണയംവെച്ച് 
അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചേനില്‍ക്കും 
ധനമോഹികള്‍ക്കുമേല്‍ തളിക്കുക തളിക്കുക 
തളിക്കുകനമ്മള്‍ കീടനാശിനി എന്‍ഡോസള്‍ഫാന്‍ !!! 

Wednesday, 16 October 2013

കവിത ----അമാവാസി -------സതീശന്‍ മാവില -----

നിറഞ്ഞോരമാവാസിരാത്രിപോ ല്‍ എന്മനം ഇരുളില്‍ തപ്പിത്തടഞ്ഞേറുന്നുകിനാക്കള്‍തന്‍ പട്ടടപ്പറമ്പുകള്‍ താണ്ടി ജീവിതത്തിന്റെ ഭാസുര സുഖശൈത്യശൈലസൃന്ഗങ്ങള്‍ തേടി .

ജീവിതം വിരചിച്ചോരീയൊരു വഴിത്താര --
യെത്രയോ കിനാക്കള്‍ക്ക് പട്ടടയായീ നിത്യം 
കനകം മോഹിച്ചപ്പോള്‍ കിട്ടിയതെടുക്കാത്ത 
കള്ളനാണയം പക്ഷേ ;ഞാനതും സ്വരൂപിച്ചു.

വിജയം കൊയ്യാനായിട്ടിറങ്ങി പ്പുറപ്പെട്ടു 
തേടിയെത്തിയതെന്നും ഭീകര പരാജയം.
കാലുകളിടറാതെ വേച്ചുവേച്ചൊരുപാട് നടന്നൂ 
മനസ്സാണെന്‍ കൂട്ടിന്ന് ധൈര്യം തരാന്‍.

കര്‍മ്മ ബന്ധങ്ങള്‍ പാഴായ് തുരുമ്പിച്ചുടയുന്ന 
കാലത്തിന്‍ പടിവാതില്‍ കടന്നൂ -നിരാശകള്‍ 
ജീവിതം കൈമാറുന്ന പാഴ്പ്പറമ്പുകള്‍താണ്ടി 
കേവലം ഭോഗാലസ്യ രമ്യരാത്രികള്‍ തീര്‍ത്തു.
    ****   ****      ****
കരയാന്‍കണ്ണീരില്ലാക്കണ്ണുകളുണങ്ങുമ്പോള്‍, നെഞ്ചില്‍ വേനല്‍ക്കാറ്റിന്‍ താപമാര്‍ത്തലക്കുമ്പോള്‍, ചിരിക്കാന്‍ചുണ്ടില്‍ത്തത്തുംപുഞ്ചിരിപരുങ്ങുമ്പോള്‍,   പോകുവതെങ്ങോട്ടേക്ക്കാലമേനിന്‍കാലുകള്‍ ?
കനിവിന്‍ കണം വാര്‍ന്ന മാനവ മനങ്ങളില്‍ 
തിളക്കും വികാരത്തിന്‍ കാപശംനുരക്കുമ്പോള്‍ ,ചായംതേച്ചുണര്‍ത്തിയ മുഖങ്ങള്‍ വിശാലമീ യരങ്ങില്‍ സൌന്ദര്യത്തിന്‍ പൊയ്മുഖം ധരിക്കുമ്പോള്‍ , പാതയേതിനിയെത്രകാതം നാം നടക്കണം, തളരും പാദങ്ങള്‍ക്ക്  വിശ്രമമിനിയേതിടം ?

കൂരിരുട്ടുറയുന്ന ഭഗ്നഗഹ്വരങ്ങളില്‍ 
വാളും കൈബോംബുമായിരിക്കും നരാധമര്‍ 
മതവും രാഷ്ട്രീയവും ജാതിയും തിളക്കുന്ന 
വഴിയോരത്തില്‍ വെട്ടി മരിക്കാന്‍തയ്യാറായോര്‍ 
ശാന്തിയും സമാധാനം നിറയും മനസ്സുമി ന്നെത്രയോകാതം കാലചക്രത്തിന്‍ പിന്‍പേ മാഞ്ഞു.

ധരതന്‍ചാരിത്രത്തിന്‍പൂഞ്ചേലവലിച്ചൂരി,ഭോഗലോലരായ് തന്‍റെ കാമാദാഹത്തെത്തീര്‍ക്കേ--
തളരും മതേതര തത്വസംഹിത കാക്കാന്‍ ആര്‍ക്കുണ്ട്നേരം? മര്‍ത്ത്യമാനസംചിതല്‍തിന്നു!
     ****      ****        ****
നോവുകള്‍ ചേക്കേറുന്ന ജീവിതചിന്തക്കുമേല്‍ 
ചാരിനിന്നുറങ്ങുന്നു ഞാനുമെന്‍ സ്വപ്നങ്ങളും 
ധന്യമാം വിചാരത്തിന്‍ ചില്ലകളോടിച്ചുകൊ--
ണ്ടെത്തിടും വികാരങ്ങള്‍ ജീവന്റെ നെരിപ്പോടില്‍ 
മോഹഭംഗങ്ങള്‍ക്ക് ചിതതീര്‍ത്ത് കനലൂതി 
വേദന ജ്വലിപ്പിച്ച് തീക്കുണ്ഡമൊരുക്കുമ്പോള്‍ 
ആശിച്ചുപോകുന്നുഞാന്‍ ശൂന്യമാമാത്മാവിന്റെ 
മൂലയില്‍ നീറിത്തീരും ചോദ്യങ്ങള്‍ക്കൊരുത്തരം .

തച്ചുതച്ചുടച്ചുനാം  ഭൂമിയെ വസുന്ധരാ --
ദേവിതന്‍ചാരിത്ര്യവും സര്‍വതുംകവര്‍ന്നൂനാം 
സുന്ദര വിഭാതങ്ങള്‍ ചോരയില്‍മുക്കിക്കൊന്ന്‍ 
ചേതനമരവിക്കും കാളരാത്രികള്‍തീര്‍ക്കേ 
ബാക്കിവെച്ചേക്കാമോ നീമര്‍ത്ത്യാ ---മനുഷ്യര്‍ക്കായിട്ടിത്തിരി നിലാവിന്റെമാദക സൌന്ദര്യവും ;
ശ്വസിക്കാനല്പ്പംമാത്രം വായുവും,കിനാക്കളില്‍ കുളിക്കാനായെങ്കിലും കുളിരിന്‍ പൂഞ്ചോലയും; 
കിളികള്‍ക്കിരുന്നോന്നു പാടുവാന്‍ പുഷ്പിച്ചാടും 
പൂമരക്കൊമ്പും,കണ്ണിന്നിമ്പമായ് കതിരാടു-
മൊത്തിരിനെല്‍പ്പാടവും,വെള്ളാമ്പല്‍ക്കുളങ്ങളും 
മുത്തശ്ശി പാടും താരാട്ടീണവും,മുത്തശ്ശന്‍റെ -മടിശ്ശീലയില്‍തത്തും നുറുങ്ങുകഥകളും,
ചിരിയും കണ്ണീരുമുള്ളാര്‍ദ്രമാം ഹൃദയവും ,
കളിവാക്കോതാനല്പ്പം നര്‍മ്മബോധവുംമാത്രം!
രാവുകള്‍ നിദ്രാഹീനം ,പകലോ താപോന്മദം 
ചുറ്റുംവിലാപങ്ങള്‍ , എങ്ങോട്ട്പോകേണംഞാന്‍?


  

Wednesday, 9 October 2013

കവിത -----മാംസക്കട ----പി.വി.ജി.നായര്‍

*******ഇന്ന് വധശിക്ഷാ വിരുദ്ധ ദിനം *****1973ല്‍ അന്തരിച്ച എന്റെ പിതാവ് പി.വി.ജി.നായര്‍  1955ല്‍ എഴുതിയ ഒരു കവിതയാണ് മാംസക്കട..എന്റെ വായനക്കാര്‍ക്കുവേണ്ടി ഞാന്‍ അതിവിടെ ക്കുറിക്കട്ടെ .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു .സതീശന്‍ഇരിട്ടി .
                              *****************
പശ്ചിമ ദിഗ് രാക്ഷസി ചക്രവാളമാം വാളാല്‍ 
കഷ്ടമേ !പകലോന്റെ തല കൊയ്തെറിഞ്ഞപ്പോള്‍ ,
തെറിച്ച ചെഞ്ചോരയില്‍ മുങ്ങിയ വിഹായസ്സി --
ലിരുളിന്‍ തിരശ്ശീലയിട്ടന്നു മൂടീ രാത്രി .

പാരിലീ ദുരന്തമാം നാടകം കണ്ടിട്ടാവാം 
മാറത്താഞ്ഞടിക്കയായ് സാഗരം തിരക്കൈയാല്‍ ;
പാടാതെ രാപ്പക്ഷിക ളെങ്ങോപോയ്‌ ഒളിക്കയായ് ;പെടിച്ചപോലെ നില്പ്പായ് മാമരങ്ങളും ദൂരെ .

വാനിന്റെ ദീര്‍ഘശ്വാസം പോലെയുണ്ടിടക്കിടെ 
വീശുന്നു മന്ദാനില നെങ്ങുനിന്നറിയാതെ ;
തീക്കട്ട ക്കണ്ണൂമിഴിച്ചെന്താവോ നോക്കീടുന്നു 
താരകങ്ങളേ നിങ്ങളീമണ്ണില്‍ദയനീയം !
           ***     ***        ***
കാലത്തിന്‍ കൈ വേലയാല്‍ പ്രാകൃത സ്വരൂപിയായ് 
നാല് ഭാഗത്തും താണ വേടുകളോടും കൂടി 
കൂറ്റനാം പെരാലൊന്ന പ്പാതതന്‍ വക്കില്‍ ക്കാണാം
നൂറ്റാണ്ടിന്‍ ചരിത്രത്തിന്‍ രക്ത സാക്ഷിയെ പ്പോലെ .

ആയതിന്‍ ചാരത്തായിട്ടുണ്ടൊരു മാംസക്കട 
വായ്‌ പിളര്‍ന്നിരിക്കുന്ന പ്രേതംപോലിരുളിങ്കല്‍ .
അന്ധകാരത്തിന്‍ കരി മായ്ക്കുവാന്‍ വിളക്കൊന്നു --
ണ്ടര്‍ദ്ധപ്രാണനായങ്ങു കത്തിക്കൊണ്ടെരിയുന്നു !

എന്തറിയുന്നൂ പാവം !നാളത്തെ കശാപ്പിന്നായ് 
ബന്ധിച്ചു വെച്ചോരാട്ടിന്‍ കുഞ്ഞതാ മരച്ചോട്ടില്‍ ;
ബുദ്ധനും മഹാത്മാവാം ഗാന്ധിയും പിറക്കയാ --
ലിദ്ധര പവിത്രമായ്‌ ത്തീര്‍ന്നതാണല്ലോ പണ്ടേ ;
എന്നാലു,മൃഷിനാട്ടി ലീവിധം പ്രാണിദ്രോഹ --
മന്നു തൊട്ടിന്നോളവും ചെയ്തു പോന്നല്ലോ മര്‍ത്ത്യന്‍ .
               ***         ***           ***
ശൂന്യമാം വിഹായസ്സി ലുയരും പൂങ്കോഴിതന്‍ 
ദീനരോദനം രാവിന്‍ മൂകത ഭഞ്ജിക്കുബോള്‍ ,
രക്ത കബളം ചുറ്റി നാളെയാ പ്പുലരിയാള്‍
രക്ത കുംഭവുമെടുത്തങ്ങെഴുന്നള്ളീടുമ്പോള്‍ ,
കത്തി കൊണ്ടറുത്തീടും നിന്‍ ഗള മോര്‍ക്കുമ്പോളെന്‍
മസ്തിഷ്ക സിരകളില്‍ ചലനം തോന്നീടുന്നൂ !
              ***           ***         ***
പുഞ്ചിരിപ്പൂവും കാട്ടി നില്‍ക്കുമാ മരച്ചോട്ടില്‍ 
സഞ്ചിത കുതൂഹലം നാളെയും പൂവല്ലികള്‍ .
കല്ലലിയിക്കും മട്ടില്‍ കിളികള്‍ പാട്ടും പാടി 
ച്ചില്ലകള്‍ തോറും പാറിപ്പറക്കും മുന്നേ പ്പോലെ ;
കഷ്ടമേ കഷ്ടം !നിന്റെ മാംസത്തിന്‍  ഘണഢങ്ങളെ 
ദുഷ്ടനാ നരനപ്പോള്‍ പണമായ് മാറ്റുന്നുണ്ടാം.

മേദുരാഹങ്കാരവുംദുരയും തിങ്ങിപ്പൊങ്ങി 
മാംസ ദാഹത്തെ പ്പോറ്റും മര്‍ത്ത്യ മാനസങ്ങളെ!
അമൃത കുംഭങ്ങളും ,തേനൊലിപ്പഴങ്ങളും ,
സമൃദ്ധമായെന്നുമീ കര്‍ഷക നാട്ടില്‍ ക്കിട്ടും 
കത്തുന്ന ജഠരാഗ്നി യിങ്കലെന്നാലും ഹാ!ഹാ!
രക്തതര്‍പ്പണം ചെയ്തേനിങ്ങള്‍ക്ക് മതിയാവൂ!
ജീവനൊന്നെകീടുവാന്‍ വയ്യാത്തകാലത്തോളം  
ജീവനെനശിപ്പിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം?? 

Thursday, 3 October 2013

കവിത------അന്യന്‍ --------സതീശന്‍ ഇരിട്ടി

അറിയാതിരിക്കില്ല നീ ,
നിനക്കെന്നെ പ്പക്ഷേ ---
അറിയാമെനിക്കുനിന്‍ മുഖമിന്നനായാസം !

വര്‍ഷങ്ങള്‍ തേഞ്ഞും മാഞ്ഞും തീര്‍ന്നു തീര്‍ന്നോടുവിലീ -
മനസ്സും വാര്‍ദ്ധക്യത്തിന്‍ മടിയില്‍ മയങ്ങുബോള്‍ 
തളരുംശരീരത്തെ താങ്ങുവാന്‍ കെല്‍പ്പില്ലാതെ --
യടിതെറ്റുബോള്‍ കാലിന്നസ്ഥികള്‍ ഞെരുങ്ങുമ്പോള്‍
നിറമായ്‌ നിലാവിന്റെ ചാരുതയായെന്നെന്നും 
മനസ്സിന്‍ മരുത്തോപ്പില്‍ പുഞ്ചിരിവിതച്ചെത്തും 
ചാരുതേ നിനക്കെന്നെ മറക്കാന്‍ കഴിഞ്ഞുവോ ?

  ചിരിച്ചും ചിരിപ്പിച്ചും ചിന്തയില്‍ കിനാക്കള്‍തന്‍
കനകം വിളയിച്ചും കാലത്തെ നടത്തീനാം 
മാനവ വികാരങ്ങള്‍ തുടിക്കും മനക്കണ്ണില്‍ 
നിര്‍വൃതി വാരിത്തൂവി സ്വപ്നങ്ങളോരുക്കീനാം 
സ്വപ്നമാണെല്ലാം വെറും വ്യര്‍ത്ഥമാണെല്ലാമെന്ന 
സത്യബോധത്തിന്‍ കീഴേ കോടാലിവെച്ചു നമ്മള്‍ !

സൂര്യന്നുകീഴെ ലോകത്തെന്തൊക്കെ നടപ്പുണ്ടെ --
ന്നറിയാന്‍ കൊതിച്ചതും ദുഃഖങ്ങള്‍ മറന്നതും 
പറയാന്‍ പലപ്പോഴും മടിക്കും കാര്യങ്ങളെ 
പറഞ്ഞും പാടിപ്പാടി നടന്നും മനസ്സിന്റെ 
മതില്‍ക്കെട്ടുകളാകെ ഇടിച്ചു തകര്‍ത്തതും 
മറക്കാറായില്ലനാം ,മറക്കാന്‍ മാത്രം കാല --
മുറഞ്ഞോ നമ്മള്‍ക്കുള്ളി ലറിയാപ്രവാഹമായ് ?

വേനലാളുബോള്‍ നോവിന്നബുകള്‍ തുളഞ്ഞേറി
ഉള്ളകം തപിക്കുബോള്‍ ഹൃദയം ഞെരുങ്ങുബോള്‍ 
ചാരുതചോരും ചുണ്ടില്‍ ചിരിവറ്റുബോള്‍ ശാപ --
ശപ്തമാം വികാരങ്ങള്‍ ജീവനിലരിക്കുബോള്‍ 
ചിരിക്കാന്‍ കൊതിച്ചു നാം ,ചിരിച്ചേ മരിക്കൂനാ --
മെന്നു പാടിയതിന്നു മോര്‍മ്മയില്‍ മരിച്ചുവോ ?

അറിയാതിരിക്കില്ല നീ ,നിനക്കെന്നെ പ്പക്ഷേ --
അറിയാമെനിക്കുനിന്‍മുഖമിന്നനായാസം !
പറയാതറിയേണ്ട നീ മുഖം തിരിക്കുന്നോ ,
അന്യനായ് ത്തീര്‍ന്നോ നിനക്കിന്നുഞാന്‍ ഹതാശയന്‍ ???

Tuesday, 1 October 2013

കവിത --ഹാ !ശാന്തം പാവം ! ----പി.വി.ജി.നായര്‍

(ഇന്ന് ഗാന്ധി ജയന്തി ----1948 ല്‍ ഗാന്ധിജി വെടിയേറ്റ്‌ മരിച്ചു വീണപ്പോള്‍ ഇവിടെ ഒരു കവി ഹൃദയം തേങ്ങി .എത്രയോ കവികള്‍ അന്ന് ആ ദാരുണമായ മൃതിയില്‍ വേദനിച്ചു പാടിയിട്ടുണ്ട് പക്ഷേ ,.അന്നും ഇന്നും ഏറെയൊന്നും അറിയപ്പെട്ടില്ലാതിരുന്ന ഒരു കവിയായിരുന്നു മടന്നൂരിന്റെ പുത്രനായിജനിച്ചു 1973ല്‍ അന്തരിച്ച പി.വി.ജി.നായര്‍ .(എന്റെ അച്ഛന്‍ )അദ്ദേഹം 1948 ല്‍ ഗാന്ധിജിയെപ്പറ്റി എഴുതിയ ഒരു കവിതയാണ് ഇവിടെ ചേര്‍ക്കുന്നത് .----
സതീശന്‍ഇരിട്ടി 
*************
മര്‍ത്ത്യ മണ്ഡലത്തിങ്കല്‍ സത്യത്തിന്‍ വെളിച്ചത്തെ 
നിത്യവും പരത്തിയ പൌരസ്ത്യ മണിദീപം 
ശാന്തിതന്‍ പ്രവാചകന്‍ കഷ്ടം ഹാ !ശാന്തം പാപം !
ഗാന്ധിജി മൃഗീയമാം കൈകളാല്‍ മൃതിപ്പെട്ടു !
പഞ്ചഭൌതികം ദേഹം ഭസ്മമായെന്നാലുമ--
സ്സഞ്ചിക സുകൃതമീ വിശ്വത്തെയുണര്‍ത്തീടും !
*******************
കേവലം വിജ്ഞാനത്തിന്‍ പുഞ്ചിരി പൊഴിച്ചെന്നും 
പാവന പ്രയത്നത്തിന്‍ യജ്ഞവേദിയില്‍ നിന്നും 
ദേവത്വം പുല്‍കി പ്പുല്കി യുയരും മഹാത്മാക്കള്‍ --
ക്കീവിധം ത്യാഗംചേര്‍ക്കും നിശ്ചയമമര്‍ത്ത്യത ;
എങ്കിലും ,മനുഷ്യന്റെ വേദാന്ത വൈദൂഷ്യങ്ങള്‍ 
തങ്കിടും മസ്തിഷ്കവും മരവിപ്പിക്കും മൃതി .
********************
കൂരിരുളിങ്കല്‍ കഷ്ടം !ലോകത്തിന്‍ ഹൃദയമാം 
കോരകം വികാസത്തെ ക്കാത്തു കാത്തിരിക്കുബോള്‍ 
എത്രയോ നൂറ്റാണ്ടുകള്‍ പിന്നിടുന്നേരത്താത്മ 
ൈചതന്യമീമട്ടൊന്നു വിശ്വത്തെ പ്പുല്കാനെത്തും ;
ധാര്‍മ്മികൈശ്വര്യം തിങ്ങുമീദൃശ മാത്മവീര്യം 
ധാത്രിതന്‍ ചരിത്രത്തില്‍ കണ്ടിട്ടില്ലിന്നേവരെ .