Sunday, 11 August 2013

ഇരകള്‍ ---------കവിത

കുരുന്നുനാളിലേ കിളിര്‍ത്ത മോഹങ്ങള്‍ 
വരണ്ടകൊക്കുകള്‍ പിളര്‍ന്നു നില്‍ക്കുബോള്‍ 
തുടുത്തയവ്വനം തെരുവുപട്ടിപോല്‍
മാംസക്കടക്ക് മുന്നിലിന്നിരയെ തേടുബോള്‍
കിനാക്കള്‍ കൂട്ടിയിട്ടച്ച വാതിലി--
ന്നിരുള്‍ മുറിക്കുള്ളില്‍ യുവത്വ മാടുബോള്‍ 
ഇരുട്ടുവീഴുമീ ചരിത്ര ഭൂവിന്‍റെ 
ചതഞ്ഞപാതയില്‍ തരിച്ചു നില്പുഞാന്‍ .


           ദുഷിച്ച കാമവും പകക്കലികളും 
           ദുരയും ദുര്‍മത്ത വികാര വേഴ്ചയും 
           വിലക്കുവെച്ചോരീ തെരുവ് ചന്തയില്‍ 
           വിലക്കുവാങ്ങുവാന്‍ എവിടെ നന്മകള്‍ ?
           ആര്‍ക്ക് വില്‍  ക്കുവാന്‍ ദയാനുകബകള്‍ ?
           
മരിക്കുവോളമീ ജനിച്ച മണ്ണിന്‍റെ
മധുരമൂറ്റുവാന്‍ കൊതിച്ചു നാം പണ്ടേ 
തളരുവോളമി ഹരിത കാന്തിയില്‍ 
നൃത്തമാടുവാന്‍ കൊതിച്ചിരുന്നു നാം.

        നിറഞ്ഞ ചിന്തതന്‍ നനുത്ത പായയില്‍ 
        നറുനിലാവിന്റെ പാല്ക്കിനാക്കളാല്‍ 
        പുതച്ചുറങ്ങിയ കാലമേ വിട 
       തപിച്ച മാനസം തണുത്തുറയുവാന്‍ 
        കുളിരുമായ് വരും കിനാക്കളേ വിട 
നിറങ്ങള്‍ മായുമീ പ്രപഞ്ചജാലക --
പ്പടിക്കുപിന്നിലെ ചതിക്കുഴികളില്‍ 
വലവിരിച്ചിട്ട ചിലന്തികള്‍ക്ക് നാം
ഇരകള്‍ മാത്രമാണെന്നതേ സത്യം .

No comments:

Post a Comment