Friday, 29 May 2015

വരിക സ്വപ്നമേ --- -- സതീശന്‍ മാവില

വ്യഥിത ചിന്തകള്‍ വെയില്‍ വിരിച്ചിട്ട 
തപിത വീഥിയില്‍ കുളിരൊരുക്കുവാന്‍ 
വരിക സ്വപ്നമേ തപിതമെന്റെയീ 
ഹൃദയ താളത്തിനര്‍ത്ഥം ചമയ്ക്കുക !

   പുതിയ പാതകള്‍, പുതിയ പഥികരും ,
പുതിയ ചിന്തകള്‍, പുതിയ ചന്തകള്‍ :
പുതിയ രാഗങ്ങള്‍, പുതിയ ദ്വേഷങ്ങള്‍, 
പുതിയ പാഠങ്ങള്‍, പുതിയ പാട്ടുകള്‍, 
പുതിയ കാമവും, പുതിയ ശീലവും ,
ദുര തിളയ്ക്കുന്ന പുതിയ മോഹവും
 :
ചതിയില്‍ വീഴ്ത്തുവാന്‍ കുഴി കുഴിക്കുവോര്‍ 
കുടില വേലയാലതിര് മാന്തുവോര്‍ ,
ഇവിടെയല്ലോ കിതച്ചു നില്‍പ്പുഞാന്‍, 
ഇവിടെയല്ലോ തളര്‍ന്നിരിപ്പു ഞാന്‍ !!
      കുടില ചിന്തകള്‍ പൊരി വെയില്‍ തീര്‍ത്ത 
തപിത ഭൂമിയില്‍ തണലൊരുക്കുവാന്‍ 
മധുര സ്വപ്നമേ വരിക നീയെന്റെ 
ഹൃദയ താളത്തിനര്‍ഥം ചമയ്ക്കുക !!!