Wednesday, 26 August 2015

                             പുത്തന്‍ പൂത്തിരുവോണം - കവിത 
                                                                 --- സതീശന്‍ ഇരിട്ടി 
                                 *********************************
വീണ്ടും വരുന്നൂ തിരുവോണമേതോ
 ചരിത്രമുണര്‍ത്തുന്ന ചാരുത മാത്രമായ് !
കൂരിരുട്ടേറും മനസ്സില്‍ നിലാവിന്റെ 
തൂവെട്ടമേല്‍ക്കും നറുമലര്‍ ചാര്‍ത്തായ് !!
  പാടാന്‍ മറന്നൂ കുയിലുകള്‍ ,
 പാട്ടിന്റെയീണം മറന്നൂ ചകോരങ്ങള്‍  , 
താളവും മേളവുമേറ്റും പുഴകള്‍ മരിച്ചു 
വികൃതമാവുന്നെന്റെ സുന്ദര കേരളം !
  കാടില്ല, മേടില്ല , കാട്ടാറുകള്‍ചൊല്ലു മാനന്ദസംഗീതമില്ല ;
മാനും മയിലും പദംപറഞ്ഞാടുന്ന കാനന ഭംഗിയൊഴിഞ്ഞു
തൂശനിലയില്ല ,തുമ്പപ്പൂ ചോറില്ല , പാലടയില്ല ,പഴംനുറുക്കില്ല 
പുത്തനുടുപ്പിട്ട മങ്കമാര്‍ക്കായിന്നോ-
രൂഞ്ഞാല് കെട്ടുവാന്‍ പൂമരമില്ല .
തുമ്പിക്ക് തുള്ളുവാനെങ്ങ് തുമ്പാക്കുടം 
കൂന്തലില്‍ ചൂടുവാനെങ്ങ് പൂമുല്ലകള്‍
 പൂക്കളില്‍ തേനുണ്ട് പാറിപ്പറക്കുവാന്‍
പൂമ്പാറ്റകള്‍ക്കിനിയെങ്ങുണ്ട് പൂവുകള്‍ ? 
പിച്ചിയും, തെച്ചിയും , മുക്കുറ്റിയും 
നറു ഗന്ധം പരത്തുന്ന ചെമ്പകപ്പൂവും 
ചിരിച്ചു നില്‍ക്കുന്നൊരു വീട്ടു മുറ്റങ്ങള്‍ മറഞ്ഞൂ 
കിനാക്കളില്‍ പൊങ്ങും നിഴല്‍ ചിത്രമായി ?
വിണ്ടു വിളര്‍ത്ത നെല്‍ പ്പാടങ്ങളും -
വറ്റി വെണ്‍മണല്‍ ചൂടും പുഴകളും 
ചൂടേറ്റു വാടിക്കരിഞ്ഞ ലതകളും 
വാടിയ പൂക്കളും ചൂടുമെന്‍ നാടിന്റെ വാടിയില്‍ 
വീണ്ടും വരുന്നൂ തിരുവോണ മേതോ 
ചരിത്രമുണര്‍ത്തുന്ന ചാരുത മാത്രമായ്  !!!
  കാലപ്രവാഹ കുതിപ്പി ലൊഴുക്കിലൂടെത്ര 
ഋതുക്കള്‍ മറഞ്ഞു മറഞ്ഞു പോയ്‌ 
പേമാരി പെയ്യുന്ന വര്‍ഷവും പൂക്കള്‍തന്‍ 
താളമായെത്തും വസന്തവും ,മഞ്ഞിനാല്‍ 
ഭൂമുഖം മൂടും ശിശിരര്‍ത്തുവും കനല്‍ -
മൂടിനില്‍ക്കുന്നൊരു ഗ്രീഷ്മമായ് മാറവേ :
എങ്ങും കിരാത രാഷ്ട്രീയോപചാപങ്ങള്‍ 
ഈ നറും മണ്ണില്‍ നിന്നീര്‍പ്പം വലിച്ചെടു- 
ത്താര്‍ത്തരായ് താളത്തിലാടി ത്തിമാര്‍ക്കവേ 
ചുട്ടു പൊള്ളുന്നൂ മണല്‍ത്തരി ഈ വെന്ത മണ്ണിലോ 
ജീവിതം ദുസ്സഹം , ദുഷ്കരം !!!
  എങ്കിലും പൂമുഖത്തെ കൊച്ചു മേശമേല്‍ 
പുഞ്ചിരിച്ചാടുന്നു പൂക്കളം പൂവിളി ,
പുത്തനുടുപ്പിട്ട മങ്കമാര്‍ ,ഓണത്തല്ലുകാര്‍ 
വേഷങ്ങളില്‍ നിറം ചാര്‍ത്തി പുലിക്കളി ,
തൂശനിലയിട്ടുസദ്യ ,
മതിമറന്നാടുന്നു പാടുന്നു കേരളം കോമളം ,
കണ്ണുകള്‍ക്കാനന്ദമായ് പാടിയാടിത്തിമര്‍ക്കുന്നു !!!
   പുത്തന്‍ തലമുറക്കായ് നമ്മള്‍ തീര്‍ത്തിടും 
വര്‍ത്തമാനത്തിന്റെ ഓണം --
വിപണിയില്‍ വില്‍പ്പനക്കിറ്റായ് പിറന്നു വീഴുന്നോരു
കച്ചവടത്തിന്റെയോണം --
മദിക്കുവാന്‍ മദ്യത്തിലാടിത്തിമര്‍ക്കുവാന്‍ 
കാത്തു നില്‍പ്പോര്‍ക്കുള്ളോരോണം----
ഇതാണെന്റെ ഓണം ! ഇതിന്നിന്റെ ഓണം !!
മണ്ണിന്‍ മണം ചോര്‍ന്ന പുത്തനാമോണം !!!
  നെഞ്ചിലെ സ്വപ്നക്കിളിക്കൂട്ടില്‍ നിന്നുമൊരോണക്കിളി 
തനിച്ചേകനായ്‌ പാടി --
വീണ്ടും വരുന്നിതാ പൂത്തിരുവോണം -- 
വീണ്ടും വരുന്നിതാ പൊന്‍തിരുവോണം --
മണ്ണിന്‍ മണം വാര്‍ന്ന് പാഴ്ക്കിനാവായൊരു 
സ്വപ്നങ്ങളില്‍ സ്വപ്നമായ പൊന്നോണം !!!!!!