Sunday, 4 August 2019

കടം വാങ്ങിയ മുഖം - സതീശൻ മാവില

കടം വാങ്ങിയ മുഖം - 
                               സതീശൻ മാവില 
================================

നീ പഠിക്കാത്ത പാഠപുസ്തകത്തിലെ 
ഒറ്റവരിക്കവിതയാണ് ഞാൻ 
ഈണമില്ലാത്ത വൃത്തമില്ലാത്ത 
പ്രാസമില്ലാത്ത കവിത .
    കടംകൊടുത്തു മുടിഞ്ഞ 
    പലചരക്ക് കടക്കാരന്റെ കീശയിലെ 
    കണക്ക് പുസ്തകമാണ് 
    എന്റെ ജീവിതം !
പകരംചാർത്താനില്ലാതെ ;
പരിഭവം പറയാത്ത ഭാര്യയുടെ മാറിലെ 
ക്ലാവുപിടിച്ച മുക്കുപണ്ടം പോലെ 
എന്റെ കിനാവുകൾ !
   കണ്ണ് ചുവപ്പിച്ച് , നെഞ്ചിൽ വിഷം തേച്ച് 
   നാവിൽ മധുപുരട്ടി ,
   അതിമോഹങ്ങളുടെ അതിര് മാന്തുകയാണ് 
   അയൽക്കാരൻ . 
പ്രാപഞ്ചിക വ്യഥകളുടെ 
കായൽക്കരയിൽ വികാരങ്ങളുടെ 
കക്കപെറുക്കുകയാണ് സമൂഹം 
    അന്യംവന്ന സ്വപ്ങ്ങളുടെ ശവപ്പറമ്പിൽ 
    ചിരിച്ചുകൊണ്ട് എന്നെത്തിരയുന്ന 
    നീ ആരാണ് സുഹൃത്തേ ?
എനിക്കറിയാത്ത നിന്റെ 
ചിരിക്കുന്ന മുഖം 
നീ ആരോടാണ് കടം വാങ്ങിയത് ?

Sunday, 16 June 2019

വരിക സ്വപ്നമേ - കവിത - സതീശൻ മാവില

കവിത --
വരിക സ്വപ്നമേ ------   സതീശൻ മാവില 
         ---------   -----  --- 
ചടുല ചിന്തകൾ  തണൽ വിരിച്ചിട്ട     
ഹരിത വീഥിയിൽ നർത്തനം ചെയ്യുവാൻ  
വരിക സ്വപ്നമേ വരിക നീയെന്റെ  
ഹൃദയ താളത്തിനർത്ഥം  ചമക്കുക !
പുതിയ പാതകൾ പുതിയ പഥികരും 
പുതിയ ചിന്തകൾ പുതിയ ചന്തകൾ 
പുതിയ രാഗങ്ങൾ പുതിയ ദ്വേഷങ്ങൾ 
പുതിയ പാഠങ്ങൾ പുതിയ പാട്ടുകൾ 
പുതിയകാമവും പുതിയ വേഷവും 
ദുര തിളയ്ക്കുന്ന പുതിയ സ്വപ്നവും  
ചതിയിൽ വീഴ്ത്തുവാൻ കുഴി കുഴിക്കുവോർ 
കുടിലവേലയാ ലതിര് മാന്തുവോർ  
ഇവിടെയല്ലോ കിതച്ച് നിൽപ്പുഞാൻ  
ഇവിടെയല്ലോ തളർന്നിരിപ്പുഞാൻ  !! .
കുടില ചിന്തകൾ വെയിലൊരുക്കുന്ന
തപിത ഭൂമിയിൽ തണലൊരുക്കുവാൻ 
വരിക സ്വപ്നമേ വരിക നീയെന്റെ 
ഹൃദയ താളത്തി നീണം ചമക്കുക  !!! 

Wednesday, 16 January 2019

മുപ്പത്തി എട്ട് വർഷം  മുൻപ് എന്റെ ഇരുപത്തി നാലാം വയസ്സിൽ ഞാൻ എഴുതിയ ഒരു പ്രണയ കവിതയാണ് രാധികേ -- അന്ന് ഇരിട്ടിയിലെ കൃഷ്ണാ മെഡിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്നതിനിടെ മെഡിക്കൽഷോപ്പിലെ കൗണ്ടറിൽ പിറന്ന ഈ കവിത ഇന്നത്തെ പ്രണയദിനത്തിൽ ഇവിടെ ചേർക്കുന്നു . 
കവിത -  രാധികേ -- ----
        സതീശൻ മാവില 
         ===========
       വന്നു നീ വിരിയിച്ചൊരെൻ ഉൾപ്പൂവിൽ നിറയുന്ന മധുവുണ്ട് ഹർഷോന്മാദ രാഗമഞ്ജരി തൂവി 
       നിർവൃതി ഒരുക്കുക മുഗ്ദചാരുതേ നിത്യം , ചോടുവെക്കുക ചുറ്റും ചിലമ്പിൻ താളങ്ങളി - 
       ലരുവികൾ ചിരിക്കട്ടെ കരിവളകളാം കൊച്ചു കുരുവികൾ ചിലക്കട്ടെ തരുനിര തളിർക്കട്ടെ , 
      ഉള്‍പ്പുളകങ്ങളാം മലരുകളുലയട്ടെ !
         നാണമെന്തിനാണാനുരാഗ ലോലരാം നമ്മൾക്കെറിയാം പിച്ചിച്ചീന്തിപ്പാരിൻറെ നിയമങ്ങൾ 
         ഒത്തുചേർന്നൊരുമിച്ചിന്നൊരുക്കാം പ്രപഞ്ചത്തിന്നുൾത്തുടിപ്പുകൾ , നവ്യ സുന്ദര സൗഭാഗ്യങ്ങൾ !
   കാലത്തിൻ മിഴിച്ചെപ്പിൽ കൊഴിയും ദിനങ്ങളെ മദിരോത്സവങ്ങൾതൻ തൂമുത്തായ്‌ ചമച്ചീടാം , 

   സ്പന്ദനം കൊള്ളും കരൾച്ചെണ്ടതൻ താളംകേട്ട് ജീവനിൽ ജീവൻചാലിച്ചൊന്നിച്ചു മയങ്ങീടാം !

    കാണ്മതില്ലലോ നമ്മളെന്നുമെന്നുമീ ജീവ സാനുവിൽ വസന്തത്തിൻ നർത്തനമല്ലാതൊന്നും 
    കേൾപ്പതില്ലല്ലോ നമ്മളാത്മാവിലനശ്വര സംതൃപ്ത ഗാനാലാപ മഞ്ജരിയല്ലാതൊന്നും ! 
             മാദക സ്വപ്നങ്ങൾതൻ മായിക സങ്കൽപ്പത്തിൻ പുല്ലണിപ്പടർപ്പിലും; സാഗര സംഗീതത്തിൽ 
             പുളകം വിതച്ചെത്തും സാന്ദ്രമാമോമൽ ശീത ചാമരം വീശും കാറ്റിലലിഞ്ഞും നീലാഭമാ- 
             മംബരം ചോക്കുന്നതും, താരകൾ പൂക്കുന്നതും കണ്ടുനാം സഖീ നിത്യമാത്മാവിൽ ദുഖാശ്ലേഷ 
            വീചികൾ കൊടുങ്കാറ്റായി നുരചിന്നുബോൾ പ്പോലും !
    നിൻ കടക്കണ്ണിൽ തുടിച്ചുണരും വികാരത്തിൻ സ്നിഗ്ദപൂർണ്ണമാം ശ്യാമ വർണ്ണങ്ങൾ ചാലിച്ചെന്നും  
    രാധികേ ചമക്കുകെൻ ജീവനിലൊരായിരം മാരിവില്ലുകൾ! വർണ്ണ മാരിവിൽ കുടീരങ്ങൾ !
            മന്ദഗാമിനീ നിന്റെ മാനസച്ഛിപ്പിക്കുള്ളിലുതിരും വെണ്മുത്തുകൾ കോർത്തുഞാനണിഞ്ഞാത്മ 
            ബന്ധത്തിന്നജയ്യമാ മാലയമൊരുക്കട്ടെ ; സ്വപ്നമൊക്കെയും ശുദ്ധയാഥാർഥ്യമാക്കാൻ മുഗ്ധ -
            സംഗീത സ്വരാമൃത ധാരയായ് തീരാം നമ്മൾക്കലിയാം , അലിഞ്ഞലിഞ്ഞൊഴുകാം ,
            കിനാക്കളെ കൈവിട്ടു ധന്യം , നിത്യം ധന്യജീവിതമാടാം ! 








Friday, 25 August 2017

എന്റെ മലയാളം - രചന - സതീശൻ മാവില

നിളയുടെ പുളിനങ്ങൾ പുളകങ്ങളാക്കുന്ന 
മലയാളമേ സർഗ്ഗ സൗഭാഗ്യമേ 
തുഞ്ചനും കുഞ്ചനും പാടിയുണർത്തിയ 
നിർമ്മല ഭാവനാ സൗന്ദര്യമേ - എന്റെ 
മലയാള ഭാഷതൻ കേദാരമേ ---

മരതകപ്പട്ടുടുത്ത മാമലകൾ നിന്റെ - 
 മഹിതമാം സൗന്ദര്യ സഞ്ജയങ്ങൾ 
പടഹമടിച്ചുണരും സാഗരത്തിരകളാൽ 
ആലാപനം ദിവ്യ സങ്കീർത്തനം 
എന്നും മലയാള സൗന്ദര്യ സങ്കീർത്തനം 

നേർക്കച്ച മുണ്ടുടുത്ത മലയാളി  മങ്കതൻ 
ചിരിപോലു മൊരു  പുണ്യ വസന്തം 
അതിരുകളില്ലാത്ത ഹൃദയങ്ങളിൽ പൂക്കും 
നിർമ്മല സ്നേഹത്തിൻ പൂക്കൾ 
എന്റെ മലയാളമേ നിന്റെ സുകൃതം 
                                       
                                                  ========= രചന -സതീശൻ മാവില ==

Tuesday, 14 March 2017

               ഇരകള്‍ -   കവിത  
                         സതീശന്‍ മാവില 
              ============================
  ജനിച്ച നാളിലേ കിളിര്‍ത്ത മോഹങ്ങള്‍ 
വരണ്ട കൊക്കുകള്‍ പിളര്‍ന്ന് നില്‍ക്കുമ്പോള്‍ തുടുത്ത യൌവനം തെരുവ് പട്ടിപോല്‍ 
മംസക്കടക്കുമുന്നിലിന്നിരയെ തേടുമ്പോള്‍ കിനാക്കള്‍ കൂട്ടിയിട്ടടച്ച വാതിലിന്നിരുള്‍ 
മുറിക്കുള്ളില്‍ യുവ
ത്വമാടുമ്പോള്‍ 
ഇരുട്ടുവീഴുമീ ചരിത്ര ഭൂവിന്റെ 
ചതഞ്ഞ പാതയില്‍ തരിച്ചു നില്‍പ്പു നാം !
  ദുഷിച്ച കാമവും പകക്കലികളും ദുരയും 
ദുര്‍മ്മത്ത വികാര വേഴ്ചയും 
വിലക്ക് വെച്ചൊരീ തെരുവ് ചന്തയില്‍ 
വിലയ്ക്ക് വാങ്ങുവാനെവിടെ  നന്മകള്‍ 
ആര്‍ക്ക് വില്‍ക്കുവാന്‍ ദയാനുകമ്പകള്‍ !!
   മരിക്കുവോളമീ ജനിച്ച മണ്ണിന്റെ 
മധുരമൂറ്റുവാന്‍ കൊതിച്ചു നാം പണ്ടേ 
തളരുവോളമീ ഹരിത കാന്തിയില്‍ 
നൃത്തമാടുവാന്‍ കൊതിച്ചിരുന്നു നാം 
നിറഞ്ഞ ചിന്തതന്‍ നനുത്ത പായയില്‍ 
നറുനിലാവിന്റെ പാല്‍ക്കിനക്കളാല്‍
പുതച്ചുറങ്ങിയ കാലമേ വിട !
തപിച്ച മാനസം തണുത്തുറയുവാന്‍ കുളിരുമായ് വരും കിനാക്കളേ വിട ! 
നിറങ്ങള്‍ മായുമീ പ്രപഞ്ച ജാലക 
പടിക്കു പിന്നിലെ ചതിക്കുഴികളില്‍ 
വല വിരിച്ചിട്ട ചിലന്തികള്‍ക്ക് നാം 
ഇരകള്‍ മാത്രമാണെന്നതേ സത്യം !!!